Sunday 28 February 2016

കാത്തിരുപ്പ് .

നീലജലാശയമേ ,
അങ്ങകലെനിന്നും ശാന്തമായ് ഒഴുകിയടുത്തതെന്തിന് ?
ശക്തമായ തിരമാലകളാല്‍ പാദങ്ങള്‍ക്കടിയിലെ പഞ്ചാരമണല്‍ത്തരികളെ ചുംബനങ്ങളാല്‍ വാരിയെടുത്തു നിന്‍ മാറിന്‍ ആഴങ്ങളിലേക്ക് ചേര്‍ന്ന് മടിത്തട്ടില്‍ അലസമായ് ചിതറിക്കിടക്കുമ്പോള്‍ നീലജലാശയങ്ങള്‍ക്കടിയില്‍ ഇരുട്ടായിരുന്നില്ലേ ...
ആഴങ്ങളില്‍ മറയുന്നത് ,
കൂര്‍മ്മങ്ങളും മത്സ്യങ്ങളും മറ്റു ജീവജാലങ്ങളും
ജീവന്‍ തന്നിലേക്കാവാഹിക്കാന്‍ മുത്തിമുത്തി നുണയുമ്പോള്‍
പൂര്‍ണ്ണതയില്‍ എത്താന്‍ ജന്മജന്മാന്തരങ്ങളായ് വെമ്പിയതും .,
ശാന്തമായ് സായാഹ്നം പിറവിയെടുക്കുമ്പോള്‍ നിഴല്‍ നിഴലിനെ കൂട്ടിയിണക്കി ലയിപ്പിച്ചതും നിന്നില്‍ .
മിന്നിമറയുന്ന കോപഗ്രസ്ഥനും ശാന്തനും അസ്തമയത്തിനു മാധുര്യമേകുന്നു .
നിന്‍റെ സാമീപ്യം ഇഷ്ടപ്പെടാത്തവര്‍ ആര് ?
നിന്നെ വേദനിപ്പിക്കാത്തവര്‍ ആര് !
ഇഷ്ടങ്ങളും അനിഷ്ടങ്ങളും സമാസമം .
നീ എത്രയോ വിശപ്പിനെ ശമിപ്പിക്കുന്നു .
ജന്മജന്മാന്തരമായ് കൈവന്ന സൌഭാഗ്യം ഒടുക്കം ഒരുരുളയാക്കി അവസാനിപ്പിക്കുന്നതും ,
സാഗരമേ നിന്നിലേക്ക്‌ ലയിച്ചുചേരാന്‍ ...
ഒരു കുടം ഭസ്മമായെങ്കില്‍ നിനക്ക് സമമായേനെ !
ഭൂതത്തെ മാറ്റിവെക്കട്ടെ .
സൗഭാഗ്യങ്ങളും വര്‍ത്തമാനവും ത്യജിച്ചു നിന്നിലേക്ക്‌ ലയിച്ച് തിരമാലകള്‍ക്കൊപ്പം ആടിത്തിമര്‍ക്കാനും അസ്തമയത്തിനു വര്‍ണ്ണങ്ങളായി ശോഭിക്കാനും വിധിക്കുക .
ജീവിതനൌക സാഗരത്തില്‍ എത്തിചേരുമ്പോള്‍ ജീവന്‍ പിന്നീടൊന്ന്‍ പുനര്‍ജനിക്കുന്നത് എന്തിനു വേണ്ടി ?
മൃദുവായ് മാടിവിളിക്കുംവരെ കാത്തിരിക്കുന്നു ..

Sunday 17 January 2016

തമസ്കരണം .






                              അനുജത്തി ചേച്ചിയോട് ഇഷ്ടം കൂടി കുറുമ്പു കാട്ടുമ്പോള്‍ സ്നേഹത്തോടെ തിരുത്തുന്നതാണല്ലോ ചേച്ചി !
ഉള്ളില്‍ വൈരാഗ്യവും പുറത്തു ചിരിയുമായിട്ടെന്ത് !
തെറ്റ് തെറ്റായും ശരി ശരിയായും വേര്‍തിരിച്ചു തന്നിരുന്നെങ്കില്‍ മനസ്സിനും ശരീരത്തിനും എനിക്ക് ഇന്നീ വേദനയേല്‍ക്കേണ്ടി വരുമായിരുന്നില്ല .

                                അനുജത്തി ചേച്ചിയോട് ഇഷ്ടം കൂടാന്‍ എത്തുമ്പോള്‍ ബന്ധത്തിന്‍റെ പവിത്രത അറിഞ്ഞിരിക്കേണ്ടതായിരുന്നില്ലേ !
വകതിരിവില്ലാത്ത കാലത്തെ തിരുത്തി തരേണ്ടതായിരുന്നില്ലേ?

                                സ്നേഹപൂര്‍വ്വമെന്ന പോലുള്ള തലോടലില്‍ ഞാന്‍ വീണ്ടും വീണ്ടുമെത്ര ചേര്‍ന്നു നിന്നിട്ടുണ്ട് .
ആ ചേര്‍ത്തുപിടിക്കലില്‍ സഹോദരിയുടെ യഥാര്‍ത്ഥ വാത്സല്യം എന്നും ഉണ്ടായിരുന്നെങ്കില്‍ !
മൂര്‍ദ്ധാവില്‍ ചുംബിക്കുമ്പോള്‍ മാതൃത്വം ആണ് നിറഞ്ഞിരുന്നതെന്ന്‍ ഞാന്‍ വിചാരിച്ചിരുന്നു .
ശരിയും തെറ്റും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ കുസൃതി പോലും കാട്ടുമായിരുന്നില്ല .
                                  എന്‍റെയീ ചെറിയ തെറ്റിന് തനിച്ചാക്കിപ്പോയതെന്തിന് ?
കപട സ്നേഹവും ശാസനയും നൊമ്പരങ്ങളും സമ്മാനിച്ചു ഇന്നെന്നെ തനിച്ചാക്കി അകലങ്ങളില്‍ മറയാന്‍ മാത്രം അര്‍ഹതപ്പെട്ടവളാണോ ഈ അനുജത്തി ?
                                  വ്രണപ്പെട്ട മനസ്സിലേക്ക് വാത്സല്യത്തിന്‍റെ വാസനതൈലവുമായി മുറിവൂതിയുണക്കാന്‍ കാലം പോലും തനിച്ചാക്കിയ എനിക്ക് തുണയായി വന്നിരുന്നെങ്കില്‍ ...
                                    ഞാന്‍ ചെയ്തത് പാപമായിരുന്നോ ?
വാത്സല്യത്തിന്റെ നിറകുട മായിരുന്നല്ലോ നമ്മുടെ അമ്മ .
സ്നേഹത്തിന്‍റെ അമൃത് ഒരുപോലെ ഊട്ടിത്തരുമായിരുന്നല്ലോ അമ്മ .
അമ്മ മരിക്കുന്നതിന് കുറച്ചു നാള്‍ മുന്‍പ് നിറ കണ്ണുകളോടെ ആ വിറയാര്‍ന്ന വിരലുകള്‍ എന്നെ അണിയിച്ച താണീ മോതിരം .

                                    'ഇതുമാത്രമെ ഉള്ളൂ എന്‍റെ കുട്ടിക്ക് തരാന്‍ അമ്മയുടെ കൈയ്യില്‍ .
അച്ഛന്‍ ബാക്കിവെച്ച കുറച്ചു കടങ്ങളും .
എന്‍റെ കാലം കഴിഞ്ഞാല്‍ എന്‍റെ കുട്ടിക്ക് ആരുണ്ടാവും തുണ .
അവള്‍ വരുമോ ശ്രീദേവി ..? .
ഞാന്‍ മരിക്കുന്നതിന് മുന്‍പ് ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ട് .'
                                   'ഞാന്‍ അറിയിച്ചിട്ടുണ്ട് അമ്മേ '
അമ്മയുടെ കണ്ണു തുടച്ചുകൊടുക്കുമ്പോള്‍ എന്‍റെ കണ്ണും നിറഞ്ഞിരുന്നു .
പാവം എന്‍റെ അമ്മ .
അമ്മയുടെ ആ ആഗ്രഹം സാധിച്ചിരുന്നെങ്കില്‍ ...
                                    ചേച്ചിയുടെ ഇഷ്ടത്താല്‍ മറ്റൊരുവന്‍റെ കരം പിടിച്ച് വീടിറങ്ങി പ്പോയപ്പോള്‍ ഞാനും അമ്മയും എങ്ങനെ ഇവിടെ ജീവിച്ചിരുന്നെന്ന് അന്വേഷിച്ചിരുന്നില്ല .
അമ്മ അന്ന്‍എനിക്ക് ധൈര്യവും ആശ്വാസവും ആയിരുന്നു .
അതുകൊണ്ട് തന്നെ അമ്മയുടെ ഓര്‍മ്മകളില്‍ അവശേഷിക്കുന്ന ഈ മോതിരം എന്‍റെ സര്‍വസ്വവുമാണ് .

                                     അമ്മയുടെ മരണശേഷം പിന്നീടൊരിക്കല്‍ ചേച്ചി പടികടന്നു വന്നു .
അന്നെന്റെ വിരലില്‍ കിടന്ന ഈ മോതിരം ബലമായി പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിയത് എന്തുകൊണ്ടായിരുന്നു ?.
പെട്ടെന്ന് അമ്മയുടെ മോതിരത്തോട് ചേച്ചിക്ക് തോന്നിയ സ്നേഹത്തിന് പിന്നില്‍ സ്വാര്‍ത്ഥതയാണ് എന്ന് ഞാന്‍ പറഞ്ഞത് ശരിയാണോ ,അതോ അല്ലേ?.

അന്നെന്നോട് വഴക്കിട്ടു ഇറങ്ങിപ്പോയതാണ് .
ചേച്ചിയുടെ സാമീപ്യം മോതിരത്തെക്കാള്‍ വിലയേറിയതാണെന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു .

ചേച്ചിയൊന്ന് തിരിച്ചു വന്നെങ്കില്‍ .
എന്‍റെ അറിവില്ലായ്മ കൊണ്ട് ചെയ്ത തെറ്റിന് മനസാ മാപ്പപേക്ഷിക്കുന്നു .
എന്തിനിനിയും അകന്നകന്ന്‍ ഇനിയും ബഹുദൂരം പോകണം .

ഇന്നീ ഏകാന്തതയില്‍ ഒറ്റപ്പെട്ട ഞാന്‍ കരയണോ ചിരിക്കണോ .
അതോ 'ഹഹഹ ' എന്ന്‍ അട്ടഹസിച്ചു ചിരിച്ചു കൊണ്ട് കരയണോ ..
എന്നെ ചുറ്റിത്തിരിഞ്ഞു കൊണ്ടിരിക്കുന്ന മരണ ച്ചുഴിയിലെക്ക് ആണ്ടാണ്ട് പോകണോ ..............
..............................
                                

Thursday 14 January 2016

ഗോപികാവിരഹം !




കണ്ണാ ......
പാല്‍ പുഞ്ചിരി പൊഴിയും ചുണ്ടില്‍ നിന്നും,
അമൃതെന്ന വെണ്ണ തന്‍ നീര്‍ച്ചാലില്‍ നിന്നാ, 
സ്നേഹത്തിന്‍ മുത്തെടുത്തെന്‍ കൈക്കുമ്പിളില്‍
അന്നു തൊട്ടിന്നോളം മാറോടു ചേര്‍ത്തതും..
നിന്‍ നീലാഞ്ജനമിഴികളിലെ സ്നേഹസാഗരത്താല്‍, 
എന്‍ മിഴികളെ  മെല്ലെ തലോടിയതും..
നിന്‍ പവിഴാധരത്തില്‍ തുളുമ്പിയ മന്ദഹാസത്തിന്‍, 
രാഗലോലമെന്നുള്ളം പതിയെ തുടിച്ചതും..
സ്നേഹം തന്‍ മുത്തുക്കുടമായി എന്‍ ചാരെ വന്നതും,
നിന്‍ മുടിക്കെട്ടിലെ  പീലിയാല്‍ മെല്ലെ  തഴുകിയോ!
നിന്‍ വേണു ഗാനത്താല്‍ ഓര്‍മകളുണര്‍ന്നതും,
സ്നേഹാര്‍ദ്രമായ് ചേര്‍ത്തു പിടിച്ചതും,
മന്ദഹാസമായ്,സ്നേഹമായ് ,എന്നിട്ടെന്തേ..
ഇന്നീ നിമിഷങ്ങളെ നൊമ്പരപ്പെടുത്തുന്നുവോ?
മായയായ് അകലുന്നു, മറയുന്നു മിഴികളില്‍..
വിരഹത്തിന്‍ കണ്ണുനീര്‍ മുത്തുകളിണക്കിയ -
ഈ ഹാരം  കോര്‍ത്തു വെക്കട്ടെ നിനക്കായ്  ....
എത്രയെത്ര ജന്മങ്ങളാല്‍ നിന്‍ ഗോപികയായിരുന്നു!
ഇനിയും വരുമോ നീ എന്‍ ചാരെ 
കണ്ണാ.... ന്‍റെ ..കണ്ണാ ,ഈ വിളി കേള്‍ക്കുന്നില്ലേ ....